English| മലയാളം

ചരിത്രം

മൂന്ന് ആറുകള്‍ ഒന്നിച്ചു ചേരുന്ന സ്ഥലമെന്നതിനാലാണ് ഈ പ്രദേശത്തിന്  മൂവാറ്റുപുഴ എന്ന പേരു വന്നത്  എന്ന് സ്ഥലനാമ ചരിത്രം സൂചിപ്പിക്കുന്നു. തൊടുപുഴയാര്‍, കോതമംഗലം ആറ്, കാളിയാര്‍ - എന്നിവയുടെ സംഗമ ഭൂമി ആയ ഈ പ്രദേശം മൂവാറ്റുപുഴ എന്ന് വിളിക്കപ്പെട്ടു തുടങ്ങി. വടക്കുംകൂര്‍ രാജാക്കന്മാരുടെ പടപ്പാളയവും പ്രകൃതി വിഭവ സംഭരണ കേന്ദ്രവും മൂവാറ്റുപുഴയായിരുന്നു എന്നു പറയപ്പെടുന്നു. തിരുവനന്തപുരത്തു നിന്നാരംഭിച്ച് അങ്കമാലിയില്‍ അവസാനിക്കുന്ന എം.സി. റോഡ് മൂവാറ്റുപുഴ പട്ടണത്തിലൂടെ കടന്നു പോകുന്നു. ഐക്യകേരളത്തിന്റെ സമുദ്ഘാടന ദിനത്തില്‍ ഉത്തര ദക്ഷിണ ഭാഗങ്ങളില്‍ നിന്നാരംഭിച്ച രണ്ടു ദീപശിഖാ വാഹക യാത്രകളും സംഗമിച്ചത് ഈ പാലത്തില്‍ വച്ചായിരുന്നു. 1940 കളില്‍ ആരംഭിച്ച വായനശാലകള്‍ ഈ പട്ടണത്തിലുണ്ട്. 1890-ല്‍ സത്രക്കുന്നില്‍ സ്ഥാപിതമായ പ്രാഥമിക വിദ്യാലയമായിരുന്നു മൂവാറ്റുപുഴയിലെ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. മഹാകവി ജി.ശങ്കരക്കുറുപ്പ് മലയാളം മുഖ്യപരീക്ഷയ്ക്ക് സത്രം സ്കൂളില്‍ പഠിച്ചിട്ടുണ്ട്. 1914-ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് മൂവാറ്റുപുഴ പാലം തുറന്ന് കൊടുക്കുന്നതുവരെ എം.സി റോഡ് മൂവാറ്റുപുഴയാറിന്റെ രണ്ടുകരകളിലുമായി രണ്ട് ഭാഗമായിരുന്നു. എന്‍.എച്ച്, സ്റ്റേറ്റ് ഹൈവെ റോഡുകളും പട്ടണത്തിലൂടെ കടന്നുപോകുന്നു. സ്വാതന്ത്ര്യത്തിനു ശേഷം മൂവാറ്റുപുഴ ഒരു വില്ലേജ് യൂണിയനായി. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത മൂന്നു പേരടങ്ങുന്ന ഒരു കൗണ്‍സിലായിരുന്നു യൂണിയനെ നിയന്ത്രിച്ചിരുന്നത്. വി.പി.ഗോവിന്ദന്‍ നായര്‍ ആയിരുന്നു വില്ലേജ് യൂണിയന്റെ ആദ്യ പ്രസിഡന്റ്. ഹാജി എ.പി.മക്കാര്‍‍, പേന്തിട്ട ഗോപാലന്‍പിള്ള എന്നിവരായിരുന്നു മറ്റു രണ്ടു കൗണ്‍സില്‍ അംഗങ്ങള്‍. ഇത് അല്പകാലമേ നിലനിന്നുള്ളൂ. 1953-ല്‍ മൂവാറ്റുപുഴ പഞ്ചായത്തായി. കുന്നപ്പിള്ളില്‍ വര്‍ക്കി വൈദ്യനായിരുന്നു ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ്. മൂവാറ്റുപുഴ 1958-ല്‍ മുനിസിപ്പാലിറ്റിയായി. എന്‍.പരമേശ്വരന്‍ നായര്‍‍ ആയിരുന്നു ആദ്യ മുനിസിപ്പല്‍ ചെയര്‍മാന്‍. മൂവാറ്റുപുഴ പൊതു തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന മുനിസിപ്പാലിറ്റിയായി ചരിത്രത്തില്‍ സ്ഥാനം നേടി.